(Photo Courtesy : Churan Zheng)
വർഷങ്ങൾക്ക് മുൻപാണ് കുറച്ചു കൊല്ലം ഹോസ്റ്റലിൽ നിൽക്കേണ്ടി വന്നത്. ഇരുനൂറ്റാമ്പതോളം പെൺകുട്ടികൾ പാർക്കുന്ന അവിടെ വെച്ചാണ് നാനാതരം സ്വഭാവമുള്ള ആൾക്കാരുമായി അടുത്തിടപഴകിയിട്ടുള്ളത്. അതിനേക്കാൾ ആർത്തവമെന്ന ബയോളജിക്കൽ സംഗതി എങ്ങനെയൊക്കെ വ്യത്യസ്തമായിരുന്നു എന്ന് കണ്ടതും അപ്പോഴായിരുന്നു.
ചില ഭാഗ്യവതികൾ ഉണ്ടായിരുന്നു.. ഇളംകാറ്റ് തഴുകും പോലെ ആർത്തവം വന്ന് പോകുന്നതറിയാത്തവർ. വേദനകളോ മറ്റ് പരവേശങ്ങളോ ബാധിക്കാത്തവർ. ചിലരാകട്ടെ വയറുവേദന, നടുവേദന, കയ്യ്-കാൽ കഴപ്പുകൾ, ഛർദ്ദി, തലകറക്കം, മൂഡ് സ്വിംങ്ങ് എന്നിങ്ങനെ നിരന്തര ശല്യക്കാരുമായി പടവെട്ടുന്നത് കാണാം.. രക്തസ്രാവം കൂടുതലായി വിളറി വെളുത്ത് , ഇടക്കിടെ ബാത്റൂമിനകത്തേക്ക് ഓടി ഓടി പോകുന്നവരെ കാണാം... പലപ്പോഴും ആദ്യം പറഞ്ഞ ഭാഗ്യവതികൾക്ക് പരമപുച്ഛമാണ് ഈ പടവെട്ടുകാരോട്. പെണ്ണുങ്ങൾക്ക് മനശക്തിയില്ലെന്നും, സഹനശക്തി ഇല്ലെന്നും ഈ ഭാഗ്യവതികൾ ലേബലൊട്ടിച്ചു കളയും മാനസികമായി അവരെ നിരന്തര നാണകേടിലേക്ക് തള്ളിയിടാൻ അവർക്കാവുന്നത് ചെയ്തിരിക്കും.
ഇനി വീടുകളിലെ സ്ഥിതിയും വല്യ വ്യത്യസ്ഥമല്ല , വേദന ഉള്ള അമ്മയാണെങ്കിലും അടക്കം ഒതുക്കം എന്നാ ലേബലിൽ ആ വേദനകളെ ഒതുക്കി കളയാൻ ഉപദേശിക്കും . ആയവളൊഴിച്ച് ആരും അറിയരുത്.
ഇതിലും ഭീകരമാണ് വെള്ളമില്ലാ നാട്ടിലെ ആർത്തവ ദിനങ്ങൾ.. മുകളിൽ പറഞ്ഞ ഒന്നിനോടും ഉപമിക്കാൻ വയ്യ. ഓർക്കുമ്പോൾ വയറ്റിൽ ഒരു വേദന ഉരുകാൻ തുടങ്ങും
വലിയ മണൽ കിഴികൾ സിന്തറ്റിക്ക് തുണിയിൽ കെട്ടിയാണ് അവർ ആർത്തവത്തെ തടയിടുന്നത്. മണലുരഞ്ഞു പഴുത്ത തുടകളിൽ നരകം തീർക്കുന്ന കാലം.. ചില പെൺകുട്ടികൾ ചെറിയ മണൽ കൂനകൾ ഉണ്ടാക്കി അതിനു മുകളിൽ അടയിരിക്കുന്നത് കാണാം.. ചിലരാകട്ടെ കയ്യിൽ കിട്ടിയ പഴംതുണികൾ എല്ലാം കൂട്ടിക്കെട്ടി തിരുകി വെക്കും. ഉപയോഗശൂന്യമായ ചിലവയിൽ ഉള്ള ഹുക്കുകളിൽ നിന്ന് ടെറ്റനസ് അടിച്ച് മരിക്കുന്നവരും ഉണ്ട്.. പെൺജന്മങ്ങൾ തീർന്നു പോകുന്ന ഈ ഇടങ്ങളിലെ ഒരു കണക്കും ആർക്കും ഇല്ല.
ഇത്രയൊക്കെ പ്രയാസങ്ങൾ ഉണ്ടായാലും ഒന്നും പുറത്ത് പറയാൻ പാടുള്ളതല്ല..ഭാരത സ്ത്രീ തൻ വിശുദ്ധി ..അശുദ്ധി നേരത്തും കാത്തല്ലേ പറ്റൂ.. ആർത്തവത്തെ അശുദ്ധി എന്ന് ചിന്തിക്കുന്ന നമ്മുടെ നാട്ടിൽ എന്താണാവോ ആർത്തവമില്ലാത്ത പെണ്ണിനെ ആർക്കും ഭാര്യയായി വേണ്ടാത്തത്...
ഈ എല്ലാ അങ്കവെട്ടലുകൾക്കിടയിലും ഞങ്ങൾ സ്ത്രീകൾ എഴുദിവസവും പ്രവർത്തനനിരതരാണെന്നത് അഭിമാനം തന്നെ എന്നും കൂടി പറഞ്ഞ് നിർത്തട്ടെ...